account Guest
e
img
img
img


യമഹ സിഗ്നസ് റേ സെഡ് ആർ


വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...

img

റേ സെഡ് ആർ

യമഹയുടെ 'നെക്സ്റ്റ്ജെൻ റിയൽ ബോയ്സ് സ്കൂട്ടർ' കൺസപ്റ്റിനെ ആധാരമാക്കി നിർമ്മിക്കപ്പെട്ട റേ സെഡ് ആർ പുതുതലമുറയുടെ വാഹനസങ്കല്പങ്ങളോടിണങ്ങി നില്ക്കുന്നു. അത്യാകർഷകങ്ങളായ 4 നിറങ്ങളിൽ ലഭ്യമാവുന്ന വാഹനം ലക്ഷ്യമിടുന്നതും കരുത്തിനൊപ്പം സ്റ്റൈലിനെയും പ്രണയിക്കുന്ന പുരുഷന്മാരെത്തന്നെയാണ്.

കാഴ്ച

ആധുനികവും മനോഹരവുമാണ് സെഡ് ആറിന്റെ രൂപകല്പന. എങ്ങും ഷാർപ്പ് ലൈനുകളോടുകൂടിയതാണ് 'മൾട്ടി ടോൺ' പെയിന്റ് സ്കീമിൽത്തീർത്ത ബോഡി. മുൻകാഴ്ചയിൽ ഏറ്റവും മനോഹരം, എറിച്ചുനിൽക്കുന്ന ബോഡിലൈനുകളോടുകൂടിയ ഫ്രണ്ട് പാനലിന്റെ മദ്ധ്യഭാഗത്തുനിന്നാരംഭിച്ച് കീഴറ്റം വരെ നീളുന്ന വലിയ ഹെഡ്ലാമ്പ് അസംബ്ളി തന്നെയാണ്. ഈ ഹെഡ്ലാമ്പ് ചിലപ്പോഴൊക്കെ ഹോണ്ട ഡിയോയെ ഓർമ്മിപ്പിക്കുന്നുണ്ട് . ഇതിനു മുകളിലായി ഫ്രണ്ട് പാനലിൽ യമഹയുടെ ലോഗോയും കാണാം. ഹെഡ്ലാമ്പിനിരുവശങ്ങളിലായി നല്കിയിരിക്കുന്ന, പൂവിതളുകളെ അനുസ്മരിപ്പിക്കുന്ന ഇന്റിക്കേറ്റർ ലാമ്പുകൾ മുൻഭാഗത്തിനു മാറ്റേറ്റുന്നു. വശക്കാഴ്ചയിലാണ് സെഡ് ആർ ഏറ്റവും മനോഹരിയാകുന്നത്. മുന്നിലെ ഇന്റിക്കേറ്റർ ലാമ്പുകളെ ഉൾക്കൊള്ളുന്ന, ബൂമറാംഗിന്റെ രൂപമുള്ള സൈഡ് പാനലുകൾ അതിമനോഹര മായിട്ടുണ്ട്. റിയർ പ്രൊട്ടക്റ്റിംഗ് ബോർഡിലുമുണ്ട് ഷാർപ്പായ ബോഡി ലൈനുകൾ. സ്റ്റൈലിഷായ പിൻ ഗ്രാബ് റെയിലും എടുത്തുപറയേണ്ടതാണ്.

സൈഡ് പ്രൊഫൈലിൽ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ഘടകം അങ്ങിങ്ങായി നൽകിയിരിക്കുന്ന ബോഡി ഗ്രാഫിക്സാണ്. വാഹനത്തെ സ്റ്റൈലിഷാക്കുന്നുണ്ടെങ്കിലും ഇത് അല്പം 'ഓവർ' ആയാണെനിക്ക് തോന്നിയത്. വലിയ ടെയിൽ ലാമ്പാണ് പിൻഭാഗത്തെ താരം. ഇതിനോടുചേർന്ന് മുകളിലായി യമഹയുടെ ലോഗോയുമുണ്ട്. പിൻ ഇന്റിക്കേറ്റർ ലാമ്പുകൾ ടെയിൽ ലാമ്പ് ക്ളസ്റ്ററിലല്ല നൽകിയിരിക്കുന്നത്, മറിച്ച് ബൈക്കുകളിലേതുപോലെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്നു. അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്ററും ഫ്യുവൽ ഗേജുമടങ്ങുന്ന മീറ്റർ ക്ലസ്റ്ററിന്റേത് തകർപ്പൻ രൂപകല്പനയാണ്. സ്റ്റൈലിഷ് ഇല്യൂമിനേഷനോടുകൂടിയ ക്ലസ്റ്ററിൽ പ്രത്യേകം സജ്ജീകരിച്ച സ്ലോട്ടുകളിൽ വാണിംഗ് ലാമ്പുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്ളാസ്റ്റിക്ക് ഘടകങ്ങളുടെ നിലവാരം ശരാശരിക്കും മേലെയാണ്. സെഡ് ആറിലെ ഫ്രണ്ട് പോക്കറ്റുകളിൽ മൊബൈലോ പേഴ്സോ വേണ്ടി വന്നാൽ അരലീറ്റർ കുപ്പി വരെ സൂക്ഷിക്കാം. കൂടാതെ 'ധാരാളം' അണ്ടർസീറ്റ് സ്റ്റോറേജും നൽകിയിരിക്കുന്നു. ആധുനിക സ്കൂട്ടറുകളിലൂടെ പരിചിതമായ 'കീ ഷട്ടർ ലോക്കിംഗ് സിസ്റ്റവുമുണ്ട്' ഈ വാഹനത്തിൽ. ചുരുക്കത്തിൽ സ്റ്റൈലും പ്രായോഗികതയും സംഗമിക്കുന്നു റേ സെഡ് ആറിൽ

img

റൈഡ്

കാഴ്ചയിൽ യൗവ്വനം തുളുമ്പുന്ന റേ സെഡ് ആറിന്റെ 'സ്വകാര്യതകളിലേക്ക്' ഒന്ന് കടന്നുചെല്ലാം. ഫസീനോയിൽ കണ്ട തരം 113 സിസി, 4 സ്ട്രോക്ക്, എസ് ഒ എച്ച് സി, 2 വാൽവ്, എയർകൂൾഡ് എഞ്ചിനാണ് സെഡ് ആറിനും. എന്നാലിവനിൽ ഈ എഞ്ചിനെ 7.2 പി എസ് പവറും 8.1 എൻ എം ടോർക്കും ലഭിക്കുംവിധം ട്യൂൺ ചെയ്തിരിക്കുന്നു.

സ്റ്റാർട്ടർ അമർത്തിയാൽ വളരെ പതിഞ്ഞൊരു ശബ്ദത്തോടെ വാഹനം ഉണരും. റിഫൈന്മെന്റിനു തെല്ലും പഞ്ഞമില്ലാത്ത സെഡ് ആറിന്റെ എഞ്ചിൻ ആകർഷകമാകുന്നത് അതിന്റെ ട്യൂണിംഗ് കൊണ്ടാവും. വളരെ 'യൂസർഫ്രണ്ട്ലി' ആവുംവിധം,അതായത് കുറഞ്ഞ വേഗതകളിലും മറ്റും സ്മൂത്തായ പവർ ഡെലിവറി ലഭിക്കുംവിധമാണ് ഇതിനെ കമ്പനി ട്യൂൺ ചെയ്തിരിക്കുന്നത്. മിഡ്റേഞ്ചും ഉഷാറാണ് . സ്മൂത്തായ ഇനിഷ്യൽ ആക്സിലറേഷൻ ലഭിക്കുംവിധമാണ് സെഡ് ആറിന്റെ സിവിടി ട്രാൻസ്മിഷനും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ഓവർടേകിങ്ങ് പോലെ ക്ഷണികമായ ആക്സിലറേഷൻ വേണ്ടുന്ന സന്ദർഭങ്ങളിലും ഈ ബോക്സ് തന്റെ നൈപുണ്യം തെളിയിക്കുന്നുണ്ട്. ഈ ഉശിരൻ ട്രാൻസ്മിഷനോടുകൂടെ ത്രോട്ട്ൽ പൊസിഷൻ സെൻസറോടുകൂടിയ ബിഎസ് കാർബുറേറ്റർ കൂടിച്ചേരുമ്പോൾ മികച്ച പെർഫോർമൻസ്, അതുല്യ മൈലേജ് എന്നിങ്ങനെ രണ്ടുണ്ട് ഗുണങ്ങൾ. മികച്ച സപ്പോർട്ടേകുന്ന വലിയ സീറ്റും വീതിയേറിയ ഫ്ളോർബോർഡും സുഖസവാരി ഉറപ്പുവരുത്തുന്നു.

img

മുന്നിലെ ടെലസ്ക്കോപ്പിക്ക് ഫോർക്കുകളും പിന്നിലെ യൂണിറ്റ് സ്വിങ്ങുമടങ്ങുന്ന സസ്പെൻഷൻ സെറ്റപ്പ് മുന്നിലും പിന്നിലും സുഖയാത്ര പ്രദാനം ചെയ്യുംവിധം ക്രമീകരിച്ചിരിക്കുന്നു. 105 കിലോയോളം ഭാരമേ ഉള്ളൂവെങ്കിലും വേഗതകളിലും സെഡ് ആർ പതറില്ല, മികച്ച സസ്പെൻഷൻ തന്നെയാവാം കാരണം.

170 മിമീ മുൻ ഡിസ്ക്ക് ബ്രേക്കോടുകൂടിയ വേരിയന്റും ലഭ്യമെങ്കിലും 'സ്മാർട്ട് ഡ്രൈവ്' ടെസ്റ്റ് റൈഡി നു തിരഞ്ഞെടുത്തത് ഡ്രം ബ്രേക്കുകളോടുകൂടിയ വേരിയന്റായിരുന്നു. ഡ്രമ്മുകളെങ്കിലും മികച്ച ബൈറ്റേകുന്നവയാണിവ ... ഒട്ടുമിക്കവേഗതകളെയും ഇവ നിഷ്പ്രയാസം 'പൂട്ടും'!

യമഹയുടെ 'ബ്ളൂ കോർ' സാങ്കേതികവിദ്യയുള്ളതിനാൽ ലീറ്ററിന് 66 കിമീയോളം ഇന്ധനക്ഷമതയും റേ സെഡ് ആർ വാഗ്ദാനം ചെയ്യുന്നു. 56,241 രൂപയാണ് വാഹനവില (എക്സ് ഷോറൂം, കൊച്ചി) (58,785രൂപയാണ് ഡിസ്ക്ക് ബ്രേക്കോടുകൂടിയ വേരിയന്റിന് വില).

തന്റെ യൗവ്വനം തുളുമ്പുന്ന രൂപവും മികച്ച പെർഫോമൻസും കൊണ്ടു റേ സെഡ് ആർ യുവാക്കളെ കൈയിലെടുക്കുമെന്നതിൽ സംശയമില്ല, എന്നാൽ മദ്ധ്യവയസ്കരും മറ്റും എങ്ങനെ ഈ വാഹനത്തോടു പ്രതികരിക്കുമെന്നത് കണ്ടുതന്നെയറിയേണ്ടിയിരിക്കുന്നു
Latest Reviews


img
ഗ്രാന്റ് ചെരോക്കി
ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.

img
യമഹ സിഗ്നസ് റേ സെഡ് ആർ
വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...
img
ഡാട്സൺ റെഡിഗോ
കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.
img
വിറ്റാര ബ്രെസ
മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോൾ എഞ്ചിനും ജനങ്ങളെ വിറ്റാരയിൽ നിന്ന് അകറ്റി നിർത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാൽ സിയാസ് എന്ന പ്രീമിയം സെഡാൻ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്റ്റൈൽ ഹാച്ച്ബായ്ക്ക് നെക്സ എന്ന ലൈഫ്സ്റ്റൈൽ ഷോറൂമിലൂടെ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങൾ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോർഡ്, ഇക്കോസ്പോർട്ടും മഹീന്ദ്ര കെ യു വി 100 ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്യുവി മാർക്കറ്റ് അതോടെ തളിർത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാൽ സഹിക്കുമോ! ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് വിങ്ങ് ഉണർന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവർ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ.
img
ബി എം ഡബ്ള്യു എക്സ് വൺ
ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.
img
ഇന്ത്യൻ സ്കൗട്ട്
പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.
img
ഫോക്സ് വാഗൺ അമിയോ
ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.
img
റോയൽ എൻഫീൽഡ് ഹിമാലയൻ
കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!
img
img
img